Tuesday, December 8, 2009

മഹദ് വചനങ്ങള്‍


“അജ്ഞാനത്തിന് അറിവില്ലായ്മ എന്നല്ല അര്‍ത്ഥം: വിപരീതമായ അറിവ് എന്നാണ്.
ഒന്നും അറിയായ്മ എന്ന അവസ്ഥയേക്കാള്‍ അപകടകാരിയാണത്“
ശങ്കരാചാര്യര്‍





“മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തുക നിഷ്പ്രയാസമാണ്. പക്ഷേ, സ്വന്തം തെറ്റ് കാണുക വളരെ വിഷമമാണ്“
ശ്രീബുദ്ധന്‍





“അഹിംസയുടെ തണലില്‍ ഭയന്നോടുന്നത് ഭീരിത്വം. അതിലും എത്രയോ നന്ന് തിരിച്ചടിക്കുന്നത്.എന്റെ അഹിംസ ഭീരുക്കളുടേതല്ല, മറിച്ച് ധീരന്മാരുടേതാണ്“
മഹാത്മാ ഗാന്ധി





“സത്യം, ഹൃദയശുദ്ധി, നി:സ്വാര്‍ത്ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താന്‍ യാതൊരു ശക്തിക്കും സാധ്യമല്ല“
സ്വാമി വിവേകാനന്ദന്‍






“എന്താണ് ചെയ്തിരിക്കുന്നതെന്ന് നോക്കുക.അല്ലാതെ ആരാണ് ചെയ്തിരിക്കുന്നതെന്നു നോക്കി വിധി കല്പിക്കരുത്“
ഡോ:എസ്.രാധാകൃഷ്ണന്‍




“നിങ്ങള്‍ക്ക് വേണ്ടാത്തത് നിങ്ങള്‍ ആര്‍ക്കെങ്കിലും കൊടുക്കുന്നുവെങ്കില്‍ അത് ദാനമേയല്ല“
മദര്‍ തെരേസ
























Wednesday, November 25, 2009

മരിക്കാത്ത മാതൃത്വം (കവിത)

തേടുന്നു ഒരു വശത്താര്‍ദ്രമായ് തന്‍
മാറിലൊട്ടിക്കിടക്കുവാനൊരു കുഞ്ഞിനെ
മറുവശത്തോ തന്ടെ ഗര്‍ഭാശയത്തെ-
യൊരു ഭാരമായ് കാണുന്ന സ്ത്രീജനങ്ങള്‍!

ഉദരത്തിലുറയുന്ന ജീവനാംശത്തെ നീ
ആയുധമൂര്‍ച്ചയ്ക്ക് നല്‍കിടുമ്പോള്‍
ഒരു കുഞ്ഞു ജീവനെ താരാട്ടുവാനായ്
ആര്‍ദ്രമായ് കേഴുന്നു മറ്റു ചിലര്‍!

മിഥ്യയാം ലോകത്തെ സത്യമാം ജീവന്ടെ
കാവല്‍ നീ തന്നെയെന്നോര്‍ത്തിടേണം
സര്‍വ്വേശ്വരന്‍ നല്‍കുമാ ദിവ്യഭാഗ്യത്തെ
ഇരു കൈകളും നീട്ടി സ്വീകരിക്കൂ..!!

കരിഷ്മ..ടി.ജി ( Std-IX F )
കമലാ നെഹ്രു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്കൂള്‍
വാടാനപ്പള്ളി, പി.ഒ.തൃത്തല്ലൂര്‍ - തൃശൂര്‍.

Monday, November 23, 2009

കേരളനാട് (കുട്ടിക്കവിത)

പച്ചവിരിച്ച് പരന്നു
കിടക്കും നാടാണല്ലോ കേരളം
കേരം തിങ്ങും നാടാണല്ലോ
നമ്മുടെ സ്വന്തം കേരളം
വൃക്ഷലതാദികള്‍ പൂത്തുലയുന്നൊരു
ദൃശ്യമനോഹരമീ നാട്...
ദൃശ്യമനോഹരമീ നാട്...
നാടിന്‍ ചരിതം പാടാനായ്
അണിചേര്‍ന്നീടാം സോദരരേ!
നാടിന്‍ നന്മകള്‍ കാക്കാനായ്
നമ്മള്‍ക്കൊന്നായ് അണിചേരാം!!

രേഷ്മ.കെ.എസ് (അഞ്ചാം തരം)
കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍
വാടാനപ്പള്ളി - തൃശൂര്‍

Wednesday, November 11, 2009

അവരുടെ കാഴ്ച (കവിത )

കാണുന്നു മനസ്സിന്ടെ കണ്ണാല്‍
കാഴ്ചയില്ലാത്തവര്‍....
മനസ്സില്‍ തുറക്കുന്നു മറ്റൊരു ജാലകം
ഒരു വാതിലടയുമ്പോള്‍ കാണുവാനായ്..
വര്‍ണ്ണങ്ങളില്ലാത്ത ലോകത്തിലവര്‍തന്‍
കാഴ്ചകളായിടാം മറ്റൊരു രൂപത്തില്‍!
തൊട്ടറിയുന്നവര്‍ പ്രകൃതിതന്‍ സൌന്ദര്യം
മറ്റിന്ദ്രിയങ്ങളാല്‍ സൂക്ഷ്മമായി...
അനന്തമാം കാഴ്ചകള്‍, അണയാത്തൊരുള്‍ക്കണ്ണാല്‍
നമ്മേക്കാള്‍ കൃത്യമായ് കണ്ടിടുന്നൂ ‍...
കണ്ണുകളുണ്ടായാല്‍ മാത്രം പോരാ...
കാണാനകക്കണ്ണു കൂടെ വേണം..!!

സുനിഷ.കെ.എസ് (ഏഴാം തരം)
കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍,
വാടാനപ്പള്ളി, പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.
(മലയാള മനോരമ “പഠിപ്പുര“യില്‍ 11-11-2009 ന് പ്രസിദ്ധീകരിച്ചത്)

Friday, November 6, 2009

തിരിച്ചറിവ് (കവിത)

വാട്ടര്‍ ജലം പാനി തണ്ണിയും വെള്ളവും
തോയവുമപ്പുമിതൊന്നു തന്നെ
ഭാഷയില്‍ തോന്നുന്ന വ്യത്യാസമൊന്നുമീ
സത്യമാം വസ്തുവിനില്ല നൂനം!

ഈശ്വരന്‍ ബ്രഹ്മം പരമാത്മ തത്വവും
അള്ളയും കര്‍ത്താവും ദൈവമോര്‍ക്കില്‍
ഭാഷയില്‍ തോന്നുന്ന പര്യായ ശബ്ദങ്ങള്‍
ഭേഷരാം നമ്മളറിയുന്നില്ല!

പഞ്ചഭൂതാത്മകമാകും പ്രകൃതിക്കൊ-
രൂര്‍ജം പകരുന്ന ശക്തിയോര്‍ത്താല്‍
ജാതി മതങ്ങളോ വര്‍ഗ്ഗീയ ഭേദമോ
ഈ ശക്തിക്കോര്‍ക്കില്‍ തെല്ലുമില്ല!

രാഷ്ട്രീയക്കാര്‍ക്ക് മുതലെടുപ്പിന്നായി
വര്‍ഗ്ഗീയമെന്നുള്ള മുദ്ര കുത്തി
തമ്മിലടുപ്പിച്ച് നേതൃത്വം നേടുവാന്‍
മര്‍ത്ത്യരെ പാവ കളിപ്പിക്കുന്നു!

കാലുമാറ്റത്തിനും കൂറുമാറ്റത്തിനും
ഇക്കൂട്ടര്‍ക്കില്ലല്ലോ നാണമോര്‍ക്കില്‍
സത്യധര്‍മാദിയശേഷമില്ലാത്തവര്‍-
ക്കെന്തു ചെയ്‌വാനും മടിയുമില്ല!

ആരാന്ടെ മക്കളെ തമ്മിലടിപ്പിച്ച്
കൂട്ടക്കൊലകള്‍ മെനഞ്ഞെടുത്ത്
രക്തസാക്ഷിത്വത്തിന്‍ ബേനറുമേന്തി-
ക്കൊണ്ടിക്കൂട്ടര്‍ വേട്ടയാടുന്നു നമ്മെ!

കച്ചവടങ്ങളിലേറ്റം മികച്ചത്
രാഷ്ട്രീയമാണെന്നതോര്‍മ്മ വേണം
കുഞ്ചിരാമന്മാരായ് ചാടിക്കളിക്കുവാന്‍
കുട്ടിക്കിടാങ്ങളുമേറെയുണ്ട്!

വാടക വീട്ടിലെ ജീവിതം പോലെയീ
പാവങ്ങള്‍ പാപ്പരായ് തീര്‍ന്നിടുമ്പോള്‍
കണ്ണുമടച്ചങ്ങിരുട്ടാക്കി മാറ്റിക്കൊ-
ണ്ടിക്കൂട്ടര്‍ പോക്കറ്റു വീര്‍പ്പിക്കുന്നു!!